Kerala Cricket League 2025: ഡബിള്‍ എഞ്ചിന്‍ പവറുമായി കൊല്ലം, കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ കാലിക്കറ്റ്; ആദ്യ മത്സരം തീപാറും
Aries Kollam Sailors vs Calicut Globstars KCL Match: രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും, റണ്ണര്‍ അപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമാണ് ഏറ്റുമുട്ടുന്നത്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ രണ്ട് ടീമുകളുടെ തീപ്പൊരി പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും, റണ്ണര്‍ അപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമാണ് നാളെ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. പ്രഥമ സീസണിലെ ഫൈനലില്‍ ആറു വിക്കറ്റിന് കാലിക്കറ്റിനെ കീഴടക്കിയാണ് കൊല്ലം കപ്പുയര്‍ത്തിയത്.
ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 26 പന്തില്‍ 51 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും, 30 പന്തില്‍ 50 റണ്‍സെടുത്ത അഖില്‍ സ്‌കറിയയും, 24 പന്തില്‍ 56 റണ്‍സെടുത്ത എം അജ്‌നാസുമാണ് കലാശപ്പോരാട്ടത്തില്‍ കാലിക്കറ്റിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 54 പന്തില്‍ 105 റണ്‍സാണ് ഫൈനലില്‍ സച്ചിന്‍ അടിച്ചുകൂട്ടിയത്. വത്സല്‍ ഗോവിന്ദ് 27 പന്തില്‍ 45 റണ്‍സെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ 10 മത്സരങ്ങളില്‍ എട്ടും കൊല്ലം വിജയിച്ചിരുന്നു. കാലിക്കറ്റ് ഏഴെണ്ണം വിജയിച്ചു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഈ ടീമുകളായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 528 റണ്‍സ് അടിച്ചുകൂട്ടിയ സച്ചിന്‍ ബേബിയായിരുന്നു കൊല്ലത്തിന്റെ തുറപ്പുചീട്ട്. 10 മത്സരങ്ങളില്‍ 328 റണ്‍സ് നേടിയ അഭിഷേക് ജെ നായരാണ് കൊല്ലത്തിനായി കഴിഞ്ഞ സീസണില്‍ തിളങ്ങിയ മറ്റൊരു ബാറ്റര്‍.




ഇരുവരെയും താരലേലത്തിന് മുമ്പ് കൊല്ലം നിലനിര്‍ത്തിയിരുന്നു. ഒപ്പം വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദിനെ താരലേലത്തിലൂടെ ടീമിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ താരമായിരുന്ന വിഷ്ണു 11 മത്സരങ്ങളില്‍ 438 റണ്‍സ് നേടി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതും വിഷ്ണു വിനോദായിരുന്നു. 38 സിക്‌സറുകളാണ് വിഷ്ണു പായിച്ചത്.
ഡബിള്‍ പവര്‍
സച്ചിനും വിഷ്ണുവും ചേരുമ്പോള്‍ ഡബിള്‍ എഞ്ചിന്‍ കരുത്താണ് കൊല്ലത്തിന് ലഭിക്കുന്നത്. ഒപ്പം വത്സല്‍ ഗോവിന്ദ് അടക്കമുള്ള താരങ്ങളെ കൊല്ലം തിരികെ ടീമിലെത്തിച്ചിരുന്നു. ഷറഫുദ്ദീനും, ബിജു നാരാണയനുമാണ് ബൗളിങില്‍ കൊല്ലത്തിന്റെ വജ്രായുധം. 2024ല്‍ 12 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഷറഫുദ്ദീന്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളില്‍ രണ്ടാമതായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ ബിജു നാരായണനായിരുന്നു നാലാമത്. ഷറഫുദ്ദീനെയും, ബിജു നാരായണനെയും കൊല്ലം താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയിരുന്നു.
കൂടാതെ എംഎസ് അഖില്‍, പവന്‍ രാജ്, ഈഡന്‍ ആപ്പിള്‍ ടോം, രാഹുല്‍ ശര്‍മ, അനു, അമല്‍ എജി, ആഷിക് മുഹമ്മദ്, ഭരത് സൂര്യ, സച്ചിന്‍ പിഎസ്, വിജയ് വിശ്വനാഥ്, ജോസ് പേരയില്‍, അജയ്‌ഘോഷ് എന്നീ താരങ്ങളെയും ടീമിലെത്തിച്ച കൊല്ലം സെയിലേഴ്‌സ് ഇക്കുറിയും കടുത്ത ആത്മവിശ്വാസത്തിലാണ്.
കരുത്ത് കൂട്ടി കാലിക്കറ്റ്
സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഖില്‍ സ്‌കറിയ എന്നീ താരങ്ങളാണ് കാലിക്കറ്റിന്റെ കരുത്ത്. പ്രഥമ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ സല്‍മാന്‍ രണ്ടാമതും, രോഹന്‍ അഞ്ചാമതുമുണ്ടായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സാണ് സല്‍മാന്‍ നേടിയത്. രോഹന്‍ 11 മത്സരങ്ങളില്‍ നിന്ന് 371 റണ്‍സും. അഖില്‍ സ്‌കറിയ, എം നിഖില്‍, അഖില്‍ ദേവ് എന്നിവര്‍ ബൗളിങില്‍ തിളങ്ങി. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ പിഴുത അഖില്‍ സ്‌കറിയയായിരുന്നു ഒന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പുറത്താക്കിയ താരം. നിഖില്‍ 11 മത്സരങ്ങളില്‍ നിന്നും, അഖില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കഴിഞ്ഞ സീസണില്‍ തിളങ്ങിയവരില്‍ നിഖില്‍ ഒഴികെയുള്ളവരെ ടീമില്‍ നിലനിര്‍ത്താന്‍ കാലിക്കറ്റിന് സാധിച്ചു. രോഹനെയും, സല്‍മാനെയും, അഖില്‍ സ്‌കറിയയെയും, അന്‍ഫല്‍ പള്ളത്തിനെയും താരലേലത്തിന് മുമ്പ് നിലനിര്‍ത്തി. അഖില്‍ ദേവിനെ ലേലത്തിലൂടെയും സ്വന്തമാക്കി. ഒപ്പം പരിചയ സമ്പന്നനായ മനു കൃഷ്ണന്‍ അടക്കമുള്ള താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു.
എം അജ്‌നാസ്, എസ് മിഥുന്‍, സച്ചിന്‍ സുരേഷ്, മോനു കൃഷ്ണ, ഇബ്‌നുല്‍ അഫ്ത്താബ്, അജിത്ത് രാജ്, പ്രീതിഷ് പവന്‍, കൃഷ്ണ ദേവന്‍, ഹരികൃഷ്ണന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, അമീര്‍ഷാ, കൃഷ്ണ കുമാര്‍ എന്നിവരെയും ടീമിലെത്തിച്ച കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.
മത്സരം എപ്പോള്‍, എവിടെ?
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ ഉച്ചയ്ക്ക് 2.45ന് തുടങ്ങും. സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, ഏഷ്യാനെറ്റ് പ്ലസ്, ഫാന്‍കോഡ് എന്നിവയില്‍ തത്സമയം കാണാം.