FIFA World Cup 2026: ആദ്യ കളിയിൽ തോറ്റ അർജന്റീന, ട്രോഫി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രസിഡന്റ്; ഫിഫ ലോകകപ്പിലെ അറിയാ കഥകൾ
FIFA World Cup History: നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കായിക മാമാങ്കം ഒരു പന്തിലേക്ക് മനുഷ്യരുടെ മനസ് ചുരുങ്ങുന്ന കായിക വിസ്മയമാണ് കാഴ്ചവയ്ക്കുന്നത്. ചൈനയിൽ ഉത്ഭവിച്ച കാൽപന്ത് കളിയെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദമാക്കി മാറ്റിയതിൽ ഫിഫ ലോകകപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്.
കാൽപ്പന്ത് കളിയുടെ വിശ്വമാന്ത്രികയിൽ അലിയാൻ ലോകം തയ്യാറെടുത്ത് കഴിഞ്ഞു. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കായിക മാമാങ്കം ഒരു പന്തിലേക്ക് മനുഷ്യരുടെ മനസ് ചുരുങ്ങുന്ന കായിക വിസ്മയമാണ് കാഴ്ചവയ്ക്കുന്നത്. ഫുട്ബോളിന്റെ ചരിത്രം ആരംഭിക്കുന്നത് ബിസി 3500 കാലഘട്ടങ്ങളിലാണ്. ചൈനയിലെ തുകല് കൊണ്ട് ഉണ്ടാക്കിയ പന്ത്, കാൽ കൊണ്ട് മാത്രം തട്ടി കളിക്കുന്ന ‘കുജു’ എന്ന കളിയിൽ നിന്നുമാണ് ഫുട്ബോൾ ഉത്ഭവിക്കുന്നത്. അത്തരത്തിൽ ചൈനയിൽ ഉത്ഭവിച്ച കാൽപന്ത് കളിയെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദമാക്കി മാറ്റിയതിൽ ഫിഫ ലോകകപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്.
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം
1800കളുടെ അവസാനത്തിലാണ് ഫുട്ബോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരമായി മാറുന്നത്. 1872ൽ യു.കെയിലെ ഇംഗ്ലണ്ടും സ്കോട്ടലന്റും തമ്മിൽ നടന്ന മത്സരമാണ് ലോകത്തിലെ ആദ്യത്തെ ഇന്റർനാഷണൽ ഫുട്ബോൾ മത്സരം. പിന്നീട് 1884ൽ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് എന്ന പേരിൽ യു.കെയിലെ നാല് രാജ്യങ്ങൾ തമ്മിൽ ഇതൊരു മത്സരമായി മുന്നോട്ട് പോവുകയായിരുന്നു. 1884 മുതൽ 1984 വരെയുള്ള നൂറ് വർഷങ്ങളിൽ ഈ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് നിലനിന്നു.
ഒളിമ്പിക്സിലൂടെയാണ് ബ്രിട്ടന് പുറത്തുള്ള രാജ്യങ്ങളും ഇത്തരത്തിൽ പരസ്പരം മത്സരിക്കാൻ ആരംഭിക്കുന്നത്. 1900, 1904 ലെ സമ്മർ ഒളിമ്പിക്സിൽ ഫുട്ബോളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതൊരു മത്സരം എന്നതിലുപരി എക്സ്ബിഷനായിട്ടാണ് നടത്തിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്ന ടീമീന് സമ്മാനങ്ങളൊന്നും നൽകിയിരുന്നില്ല.
ALSO READ: ഗ്രൂപ്പ് എ പോരാട്ടച്ചൂടിൽ! ആതിഥേയർക്ക് മുന്നിൽ ആഫ്രിക്കൻ കരുത്ത്, ചെക്ക് തന്ത്രങ്ങളെ തടുക്കാൻ കൊറിയ
ഫിഫയുടെ രൂപീകരണം
അന്താരാഷ്ട്ര തലത്തിൽ ഫുട്ബോളിനെ ഏകോപിപ്പിക്കുന്ന സംഘടന എന്ന നിലയിൽ 1904ൽ ഫിഫ രൂപീകരിച്ചു. ഫിഫയുടെ നേതൃത്വത്തിൽ 1906ൽ രാജ്യങ്ങൾ തമ്മിൽ ഫുട്ബോൾ മത്സരം നടത്താൻ തീരുമാനിച്ചെങ്കിലും അത് വലിയ പരാജയമായിരുന്നു. വെറും ഒമ്പത് നാഷണൽ അസോസിയേഷൻസ് മാത്രമാണ് അന്ന് ഫിഫയുടെ നേതൃത്വത്തിൽ അണിനിരന്നത്.
1908 മുതൽ സമ്മർ ഒളിമ്പിക്സിൽ കോമ്പറ്റീഷനായി ഫുട്ബോളിനെ ഉൾപ്പെടുത്തി. തുടർന്ന് ഫിഫയും ഒളിമ്പിക്സുമായി കൈകോർത്ത് ഫുട്ബോൾ മത്സരങ്ങൾ ഒളിമ്പിക്സിന്റെ ഭാഗമായി നടത്തി. എന്നാൽ, ഒളിമ്പിക്സിൽ ഉണ്ടായിരുന്ന പ്രായപരിധി പ്രൊഫഷണൽ കളിക്കാർക്ക് കളിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുകയും അമ്വർച്ചർ കോമ്പറ്റീഷനായി ഫുട്ബോൾ മുന്നോട്ട്പോവുകയും ചെയ്തു. ഫിഫയും ഒളിമ്പിക്സ് കമ്മിറ്റിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും 1932ലെ സമ്മർ ഒളിമ്പിക്സിൽ ഫുട്ബോളിനെ ഉൾപ്പെടുത്തില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.
ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തുടക്കം
ഫുട്ബോളിന് മാത്രമായി വേൾഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി അന്നത്തെ ഫിഫയുടെ പ്രസിഡന്‍റായിരുന്ന ജൂൾസ് റിമിറ്റിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. 1930ൽ ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വോയിൽ ആദ്യത്തെ മത്സരം നടത്തപ്പെട്ടു. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ തന്നെ ആദ്യ കിരീടം ചൂടി. 13 ടീമുകൾ മാത്രമാണ് അന്ന് പങ്കെടുത്തത്. യാത്രച്ചെലവും സമയക്കുറവും കാരണം പല മുൻനിര യൂറോപ്യൻ ടീമുകളും അന്ന് പങ്കെടുത്തിരുന്നില്ല. 1934-ൽ ഇറ്റലിയിലും 1938-ൽ ഫ്രാൻസിലും ലോകകപ്പ് നടന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942, 1946 വർഷങ്ങളിലെ ലോകകപ്പുകൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950-ലാണ് ബ്രസീലിൽ അടുത്ത ലോകകപ്പ് നടന്നത്.
ട്രോഫിക്ക് പറയാനുണ്ടേറെ കഥകൾ
ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു 1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത്. ഗ്രീക്ക് ദേവതയായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. ഫിഫയുടെ പ്രസിഡന്റായിരുന്ന ഫ്രാൻസുകാരനായ യൂൾസ് റിമെറ്റിൻ്റെ പേരിലാണ് ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത്.
ALSO READ: ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ
ട്രോഫി കട്ടിലിനടിയിൽ, മിടുക്കനായി പിക്കിൾസ്
1938ലെ ലോക ജേതാക്കൾ ഇറ്റലിയായിരുന്നു. ഇറ്റലി ലോക മഹായുദ്ധത്തിൽ സജീവമായിരുന്നതിനാൽ തന്നെ നാസികൾ ഈ കപ്പ് തട്ടിയെടുക്കുമോ എന്ന് പലരും ഭയന്നു. ഇറ്റലിക്കാരനായിരുന്ന അന്നത്തെ ഫിഫ വൈസ് പ്രസിഡന്റ് ഒട്ടോറിനോ ബരാസി ട്രോഫി ബാങ്ക് നിലവറയിൽ നിന്ന് രഹസ്യമായി പുറത്തെടുത്ത് തന്റെ കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.
1966ൽ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ സെൻട്രൽ ഹാളിൽ നിന്ന് ട്രോഫി മോഷ്ടിക്കപ്പെട്ടു. അജ്ഞാതരായ മോഷ്ടാക്കൾ 15,000 പൗണ്ട് മോചനദ്രവ്യമാണ് പകരം ആവശ്യപ്പെട്ടത്. കപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫിഫ അധികൃതർ തിരക്കിട്ട് ഒരു പകർപ്പ് നിർമിക്കുകയുണ്ടായി. എന്നാൽ 7 ദിവസത്തിനിപ്പുറം പിക്കിൾസ് എന്ന നായ കളവ് പോയ ട്രോഫി കണ്ടെടുത്തു. സൗത്ത് ലണ്ടനിലെ സബേർബൻ ഗാർഡൻ ഹെഡ്ജിൽ നിന്നും ഒരു ഇംഗ്ലീഷ് പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് ട്രോഫി കണ്ടെത്തിയത്.
വീണ്ടും മോഷണം!
1970 മുതൽ ബ്രസീലിലായിരുന്നു ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരുന്നത്. 1983ൽ റിയോയിലുള്ള ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ഓഫീസിൽ നിന്നും സ്വർണക്കപ്പ് വീണ്ടും മോഷണം പോയി. പിന്നീടൊരിക്കലും അത് കണ്ടെടുക്കാനായില്ല. 1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. ‘ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ’ എന്നതാണ് ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം. 36.8 സെന്റിമീറ്റർ ഉയരമുള്ള ഗോൾഡൻ ട്രോഫിക്ക് 6.175 കിലോ ഭാരമുണ്ട്. പശ്ചിമ ജർമ്മൻ ക്യാപ്റ്റനായ ഫ്രാൻസ് ബെക്കൻബോവറാണ് ഈ പുതിയ ട്രോഫി ആദ്യമായി ഉയർത്തിയത്.
English Summary:
The first FIFA World Cup was held in Uruguay in 1930. Host nation Uruguay won the inaugural title by defeating Argentina in the final. Only 13 teams participated in the tournament.