IPL 2025 Final RCB vs PBKS: ഇനി പഞ്ചാബിന്റെ ചേസിങ്; മറികടക്കേണ്ടത് 190 റണ്‍സ്; ആവേശക്കൊടുമുടിയേറി ഐപിഎല്‍ ഫൈനല്‍
IPL 2025 Final Royal Challengers Bengaluru vs Punjab Kings: ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സ് നേടിയത്. ആര്‍സിബിയുടെ ടോപ് സ്‌കോററായ കോഹ്ലി 35 പന്തില്‍ 43 റണ്‍സാണ് കോഹ്ലി നേടിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശാന്‍ താരത്തിന് സാധിച്ചില്ല

190 റണ്‍സ് മറികടന്നാല്‍ പഞ്ചാബ് കിങ്‌സിന്. 190 റണ്‍സിനുള്ളില്‍ പഞ്ചാബിനെ എറിഞ്ഞിടാനായാല്‍ ആര്‍സിബിക്ക്. ഐപിഎല്‍ കിരീടമെന്ന സ്വപ്‌നേട്ടം കൈവരിക്കുന്നത് പഞ്ചാബോ, ആര്‍സിബിയോ എന്നറിയാന്‍ ഇനി അല്‍പസമയം മാത്രം ബാക്കി. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സ് നേടിയത്. ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് പതിവുപോലെ വെടിക്കെട്ടിന് തിരികൊളുത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ രണ്ടാം ഓവറില്‍ തന്നെ പുറത്താക്കാന്‍ പഞ്ചാബിന് സാധിച്ചു. 9 പന്തില്‍ 16 റണ്‍സെടുത്ത സാള്‍ട്ടിനെ കൈല്‍ ജാമിസണാണ് പുറത്താക്കിയത്.
തുടര്‍ന്ന് ക്രീസിലെത്തിയ മയങ്ക് അഗര്‍വാളും, വിരാട് കോഹ്ലിയും കരുതലോടെ ആര്‍സിബിയെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോറിങിന് വേഗം കുറവായിരുന്നു. ഏഴാം ഓവറില്‍ 18 പന്തില്‍ 24 റണ്‍സെടുത്ത മയങ്ക് അഗര്‍വാളിനെ പുറത്താക്കി യുസ്‌വേന്ദ്ര ചഹല്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു. സ്‌കോറിങിന് വേഗം കൂട്ടുന്നതിലായിരുന്നു പിന്നാലെ ക്രീസിലെത്തിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിന്റെ ശ്രദ്ധ.
എന്നാല്‍ ജാമിസണ്‍ വീണ്ടും ആഞ്ഞടിച്ചപ്പോള്‍ പട്ടീദാറും പുറത്തായി. 16 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ ജാമിസണ്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്ന് വിരാട് കോഹ്ലിയും ലിയം ലിവിങ്‌സ്റ്റണും ചേര്‍ന്ന് ആര്‍സിബിക്കായി രക്ഷാപ്രവര്‍ത്തനം നടത്തി.




എന്നാല്‍ പതിനഞ്ചാം ഓവറില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായ കോഹ്ലിയെ അസ്മത്തുല്ല ഒമര്‍സയി പുറത്താക്കി. 35 പന്തില്‍ 43 റണ്‍സാണ് കോഹ്ലി നേടിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശാന്‍ താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് ജിതേഷ് ശര്‍മയ്‌ക്കൊപ്പം സ്‌കോറിങിന് വേഗം കൂട്ടാന്‍ ലിവിങ്‌സ്റ്റണ്‍ കിണഞ്ഞ് പരിശ്രമിച്ചു. എന്നാല്‍ 17, 18 ഓവറുകളില്‍ തുടരെ തുടരെ ഇരുവരെയും നഷ്ടമായത് ആര്‍സിബിക്ക് തിരിച്ചടിയായി.
15 പന്തില്‍ 25 റണ്‍സെടുത്ത ലിവിങ്സ്റ്റണിനെ വീഴ്ത്തിയതും ജാമിസണായിരുന്നു. 10 പന്തില്‍ 24 റണ്‍സ് അടിച്ചുകൂട്ടിയ ജിതേഷ് ശര്‍മയെ വൈശാഖ് വിജയ് കുമാര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. അവസാന ഓവറുകളില്‍ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്തെടുത്ത കാമിയോ ഇന്നിങ്‌സാണ് ആര്‍സിബിയെ 190 കടത്തിയത്.
9 പന്തില്‍ 17 റണ്‍സെടുത്ത ഷെപ്പേര്‍ഡിനെ അര്‍ഷ്ദീപ് എല്‍ബിഡബ്ല്യുവിലൂടെ പുറത്താക്കി. ക്രുണാല്‍ പാണ്ഡ്യ-അഞ്ച് പന്തില്‍ നാല്, ഭുവനേശ്വര്‍ കുമാര്‍-രണ്ട് പന്തില്‍ ഒന്ന് എന്നിവരെയും അര്‍ഷ്ദീപ് പുറത്താക്കി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് പിഴുതത്. യാഷ് ദയാല്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.