RCB Vs PBKS Pitch Report: ഐപിഎല്‍ ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ഫൈനലില്‍ മഴ ചതിക്കുമോ?
IPL 2025 RCB Vs PBKS Match Preview: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങും. കാലാവസ്ഥ പ്രതികൂലമാകുമോയെന്നാണ് ആശങ്ക. അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉച്ചകഴിഞ്ഞ് മഴ പെയ്യാനുള്ള സാധ്യത 66 ശതമാനമാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്

ഐപിഎല്‍ ഫൈനലിലെ ആവേശപ്പോരാട്ടം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കന്നിക്കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങും. കാലാവസ്ഥ പ്രതികൂലമാകുമോയെന്നാണ് ആശങ്ക. നിലവില്‍ അഹമ്മദാബാദില്‍ മഴയുണ്ട്. അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉച്ചകഴിഞ്ഞ് മഴ പെയ്യാനുള്ള സാധ്യത 66 ശതമാനമാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്.
എന്നാല്‍ വൈകുന്നേരത്തോടെ മഴ സാധ്യത കുറയുമെന്ന വിലയിരുത്തല്‍ പ്രതീക്ഷ പകരുന്നുണ്ട്. മഴ പെയ്താലും, ഫൈനലില്‍ അധിക സമയം അനുവദിച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിച്ചാല്‍, നാളെ റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്.
ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 219 ആണ്. ഈ വര്‍ഷം ഇവിടെ നടന്ന എട്ട് മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റു ചെയ്ത ടീം വിജയിച്ചു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് ഇവിടെ ചേസ് ചെയ്ത് വിജയിച്ചിരുന്നു.




റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍?
മഴ മൂലം റിസര്‍വ് ദിനത്തിലെ മത്സരവും ഉപേക്ഷിച്ചാല്‍ ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീം ചാമ്പ്യന്മാരാകും. അതായത് പഞ്ചാബ് കിംഗ്‌സ് ജേതാക്കളാകും. ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നതെന്നതാണ് സവിശേഷത. ആർസിബി മൂന്ന് തവണ (2009, 2011, 2016) ഐപിഎൽ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014ല്‍ പഞ്ചാബും ഫൈനലിലെത്തിയിരുന്നു.
ആർസിബി ക്വാളിഫയർ 1 ൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
അതേസമയം, ഫിള്‍ സാള്‍ട്ട് ഫൈനലില്‍ കളിച്ചേക്കുമെന്നാണ് പുതിയ വിവരം. നേരത്തെ താരം ഫൈനലില്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപ്പണിങില്‍ സാള്‍ട്ട് നല്‍കുന്ന മികച്ച തുടക്കമാണ് ആര്‍സിബിയുടെ കരുത്ത്. ടീമിന്റെ പരിശീലന സെഷനില്‍ താരം പങ്കെടുത്തിരുന്നില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഫൈനലില്‍ കളിക്കുന്നതിനായി താരം അഹമ്മദാബാദിലേക്ക് മടങ്ങിയെത്തിയെന്നാണ് പുതിയ വിവരം.