AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Final Match Schedule: കന്നിക്കിരീടം ലക്ഷ്യമിട്ട് രണ്ട് ടീമുകള്‍, ആരു ജയിച്ചാലും ചരിത്രം; ഐപിഎല്‍ കലാശപ്പോരിന് കേളികൊട്ട് ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി

Royal Challengers Bengaluru Vs Punjab Kings Final Match Schedule 2025: കിരീടത്തില്‍ കുറഞ്ഞൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ലെന്ന് താരലേലം മുതല്‍ വ്യക്തമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ അഴിച്ചുപണി നടത്തിയത് പഞ്ചാബ് കിങ്‌സായിരുന്നു. നായകന്‍മാരെ വരെ മാറ്റി പരീക്ഷിച്ചാണ് ഇരുടീമുകളും ഇത്തവണയെത്തിയത്

IPL 2025 Final Match Schedule: കന്നിക്കിരീടം ലക്ഷ്യമിട്ട് രണ്ട് ടീമുകള്‍, ആരു ജയിച്ചാലും ചരിത്രം; ഐപിഎല്‍ കലാശപ്പോരിന് കേളികൊട്ട് ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി
ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറും, പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഐപിഎല്‍ ട്രോഫിക്കൊപ്പം Image Credit source: facebook.com/IPL
jayadevan-am
Jayadevan AM | Published: 02 Jun 2025 20:17 PM

പിഎല്ലില്‍ ഇന്നുവരെ കിരീടം നേടാനാകാത്തതിന്റെ അപമാനം പേറുന്ന രണ്ട് ടീമുകള്‍. വര്‍ഷങ്ങളായി ചുമക്കുന്ന ഈ നാണക്കേടിന്റെ ഭാരം രണ്ടിലൊരു ടീം നാളെ താഴെ വയ്ക്കും. അതെ, നാളെ നടക്കുന്ന ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ ആരു ജയിച്ചാലും അത് ചരിത്രമാണ്. കാത്തിരിപ്പിന്റെ കയ്പുനീര്‍ മധുരമാകുന്ന ചരിത്രനിമിഷം.ഒരു പോലെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, പഞ്ചാബ് കിങ്‌സും. ഐപിഎല്ലിന്റെ ഇന്നലെകളിലൂടെ കടന്നുചെന്നാല്‍ തുല്യദുഃഖിതരാണ് ഇരുടീമുകളുമെന്ന് വ്യക്തമാകും. കലാശപ്പോരില്‍ കാലിടറി കിരീടം കൈവിട്ട ചരിത്രമുള്ളവരാണ് ഇരുടീമുകളും.

അതില്‍ തന്നെ ഏറ്റവും നിരാശര്‍ ആര്‍സിബിയാണ്. 2014ല്‍ മാത്രമാണ് ഇതിന് മുമ്പ് പഞ്ചാബ് കിങ്‌സ് ഫൈനലിലെത്തിയത്. എന്നാല്‍ മൂന്ന് തവണ ഫൈനലിലെത്തിയിട്ടും നിരാശരായി മടങ്ങേണ്ടി വന്ന ഹതഭാഗ്യരാണ് ആര്‍സിബി. 2009, 2011, 2016 വര്‍ഷങ്ങളിലാണ് ആര്‍സിബി ഫൈനലിലെത്തിയത്. കണ്ണീര്‍ദിനങ്ങള്‍ സമ്മാനിച്ച ഭൂതകാലത്തിന്റെ കെട്ട ഓര്‍മകളെ അകറ്റാന്‍ നാളെ നടക്കുന്ന ഫൈനലിലെ മഹാവിജയം ധാരാളമാണ് ഇരുടീമുകള്‍ക്കും. ആ അഭിമാനജയം നാളെ ആരു സ്വന്തമാക്കുമെന്ന് കാത്തിരുന്ന് കാണാം.

ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ലെന്ന് താരലേലം മുതല്‍ വ്യക്തമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ അഴിച്ചുപണി നടത്തിയത് പഞ്ചാബ് കിങ്‌സായിരുന്നു. നായകന്‍മാരെ വരെ മാറ്റി പരീക്ഷിച്ചാണ് ഇരുടീമുകളും ഇത്തവണയെത്തിയത്. പരീക്ഷണങ്ങളില്‍ പലതും വിജയിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരഫലങ്ങള്‍. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് പ്ലേ ഓഫിലെത്തിയത്. രണ്ടാമതായിരുന്നു ആര്‍സിബി.

ആദ്യ ക്വാളിഫയറിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും പഞ്ചാബിനെ തറപറ്റിക്കാനായത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഫിള്‍ സാള്‍ട്ട്, വിരാട് കോഹ്ലി, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് പ്രതീക്ഷ. പ്ലേ ഓഫ് ഘട്ടത്തില്‍ പ്ലേയിങ് ഇലവനിലെത്തിയ മയങ്ക് അഗര്‍വാളടക്കം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലിയം ലിവിങ്സ്റ്റണ്‍ അടക്കം ഏതാനും താരങ്ങള്‍ മാത്രമാണ് ആര്‍സിബി നിരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത്. അവരും കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ആര്‍സിബിയെ പിടിച്ചാല്‍ കിട്ടില്ല. ഒപ്പം ക്യാപ്റ്റന്‍ രജത് പട്ടീദാറിന്റെ കരുനീക്കങ്ങളും നിര്‍ണായകമാകും.

Read Also: Heinrich Klaasen: ‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം’; ഹെൻറിച്ച് ക്ലാസൻ ക്രിക്കറ്റ് മതിയാക്കി

ഗ്രൂപ്പ് ഘട്ടത്തില്‍ ആര്‍സിബിയെ 95 റണ്‍സിന് പുറത്താക്കി വിജയം പിടിച്ചെടുത്തത് പഞ്ചാബിനും ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ പ്രധാന തുറുപ്പുചീട്ട്. പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ് എന്നിവരും കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര അതിശക്തമാണ്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ പോരായ്മകളാണ് പഞ്ചാബിനെ അലട്ടുന്ന തലവേദന. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.