AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആ വാക്കുകള്‍ അച്ചട്ടായി; ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവന്‍ തന്നെ

Shreyas Iyer: ഫൈനലില്‍ പഞ്ചാബ് ജയിച്ചാലും, പരാജയപ്പെട്ടാലും ശ്രേയസ് എന്ന നായകന്റെ മികവ് ഇനിയും ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തീര്‍ച്ച. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞ ചരിത്രം മാത്രം മതി ശ്രേയസ് എന്ന നായകനെ അടയാളപ്പെടുത്താന്‍

IPL 2025: ആ വാക്കുകള്‍ അച്ചട്ടായി; ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവന്‍ തന്നെ
ശ്രേയസ് അയ്യര്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Jun 2025 | 10:02 PM

‘അദ്ദേഹം ടീമിലുള്ളത് ഭാഗ്യമാണ്. ഇന്ത്യയിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവനാണ്‌’ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെക്കുറിച്ച് ടീമിന്റെ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് ഏതാനും ദിവസം മുമ്പ് പറഞ്ഞ വാക്കുകളാണിത്. അതിഭാവുകത്വം നിറഞ്ഞതാണ് ഈ വാചകങ്ങളെങ്കിലും ശ്രേയസിനെക്കുറിച്ച് ഹോപ്‌സ് പറഞ്ഞതെല്ലാം കിറുകൃത്യമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷം നടന്ന സംഭവവികാസങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ ബിസിസിഐയുടെ കരാറില്‍ നിന്നും ശ്രേയസ് പുറത്താക്കപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സംഭവബഹുലമായ ശ്രേയസ്ചരിതം.

2024 ഫെബ്രുവരിയിലാണ് ബിസിസിഐയുടെ കരാറില്‍ നിന്ന് ശ്രേയസിനെ നീക്കം ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് ശ്രേയസ് പതുക്കെ അപ്രത്യക്ഷനാകുന്നുവോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയങ്ങളും ചോദ്യങ്ങളും അന്ന് ശക്തമായിരുന്നു. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസിന്റെ മടങ്ങിവരവ് ദുര്‍ഘടമാകുമെന്നും പലരും കരുതി.

എന്നാല്‍ ഫീനിക്‌സ് പക്ഷിയെ പോലെ പതുക്കെ ചിറകടിച്ച് ഉയരുകയായിരുന്നു അവിടം മുതല്‍ ശ്രേയസ് അയ്യര്‍. തിരിച്ചുവരവിന്റെ കാഹളം ശ്രേയസ് ആദ്യം മുഴക്കിയത് ആ വര്‍ഷത്തെ രഞ്ജി ട്രോഫിയിലാണ്. അജിങ്ക്യ രഹാനെ നയിച്ച മുംബൈ ടീമില്‍ അന്ന് ശ്രേയസുമുണ്ടായിരുന്നു. ഫൈനലില്‍ വിദര്‍ഭയെ കീഴടക്കി മുംബൈ ജേതാക്കളായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായത് ശ്രേയസായിരുന്നു. 111 പന്തില്‍ 95 റണ്‍സാണ് അന്ന് താരം നേടിയത്.

തുടര്‍ന്ന് ഐപിഎല്‍ സീസണ്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായക റോളിലായിരുന്നു അന്ന് ശ്രേയസ്. ‘തൊട്ടതെല്ലാം പൊന്നാക്കി’യ ചരിത്രം ശ്രേയസ് ഇവിടെയും ആവര്‍ത്തിച്ചു. കൊല്‍ക്കത്ത കിരീടം ചൂടി. ഇതിനിടെ ഇറാനി ട്രോഫിയും കടന്നുപോയി. ശ്രേയസ് അംഗമായ മുംബൈ ടീം ജേതാക്കളായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയായിരുന്നു ശ്രേയസിന്റെ അടുത്ത അസൈന്‍മെന്റ്. രഞ്ജി ട്രോഫിയിലെ കിരീടനേട്ടം മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ആവര്‍ത്തിച്ചു. അതും ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാമതായി ശ്രേയസുമുണ്ടായിരുന്നു.

ഈ സമയത്താണ് കൊല്‍ക്കത്ത ടീമുമായുണ്ടായ പടലപ്പിണക്കത്തെ തുടര്‍ന്ന് ശ്രേയസ് ടീം വിട്ടത്. താരലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തി. പഞ്ചാബ് ടീമിനെ ഇനി നയിക്കുന്നത് ശ്രേയസാകുമെന്നും അന്ന് ഉറപ്പായിരുന്നു. ഇതുവരെ കിരീടം നേടാനാകാത്ത, വര്‍ഷങ്ങളായി പ്ലേ ഓഫ് പോലും കാണാനാകാത്ത പഞ്ചാബിനായി ശ്രേയസ് കാത്തുവച്ചിരിക്കുന്നത് എന്താകുമെന്നായിരുന്നു ചോദ്യം.

പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയെത്തി. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. ഇന്ത്യയ്ക്കായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ശ്രേയസായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ശ്രേയസിന്റെ കിരീടനേട്ടങ്ങളിലേക്ക് അങ്ങനെ ചാമ്പ്യന്‍സ് ട്രോഫിയും ഇടം നേടി.

Read Also: IPL 2025 Final Match Schedule: കന്നിക്കിരീടം ലക്ഷ്യമിട്ട് രണ്ട് ടീമുകള്‍, ആരു ജയിച്ചാലും ചരിത്രം; ഐപിഎല്‍ കലാശപ്പോരിന് കേളികൊട്ട് ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി

വൈകാതെ തന്നെ ബിസിസിഐയുടെ വാര്‍ഷിക കരാറിലും ശ്രേയസ് തിരികെയെത്തി. ശ്രേയസിന്റെ തിരിച്ചുവരവ് സാധ്യമോ എന്ന് സംശയിച്ചിടത്തു നിന്നും, എന്തുകൊണ്ട് താരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചോദിക്കുന്ന നിലയിലെത്തി ഒടുവില്‍ കാര്യങ്ങള്‍. ഇപ്പോഴിതാ, 11 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രേയസിന്റെ കരം പിടിച്ച് പഞ്ചാബ് കിങ്‌സ് വീണ്ടും ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ്.

നാളെ നടക്കുന്ന ഫൈനലില്‍ പഞ്ചാബ് ജയിച്ചാലും, പരാജയപ്പെട്ടാലും ശ്രേയസ് എന്ന നായകന്റെ മികവ് ഇനിയും ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തീര്‍ച്ച. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞ ചരിത്രം മാത്രം മതി ശ്രേയസ് എന്ന നായകനെ അടയാളപ്പെടുത്താന്‍.