Nicholas Pooran: ക്രിക്കറ്റ് ലോകത്ത് വിരമിക്കല്‍ മഹാമഹം, കളി മതിയാക്കി വെടിക്കെട്ട് താരങ്ങള്‍; ഒടുവില്‍ ഞെട്ടിച്ചത് നിക്കോളാസ് പൂരന്‍
Nicholas Pooran announces retirement: മികച്ച ഫോമില്‍ നില്‍ക്കെ 29-ാം വയസില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു. അടുത്തിടെ സമാപിച്ച ഐപിഎല്ലിലും താരം മികച്ച ഫോമിലായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്

നിക്കോളാസ് പൂരന്‍
വിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സമീപകാല ടി20യിലെ ഏറ്റവും മികച്ച താരമായ പൂരന്‍ 29-ാം വയസിലാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഫ്രാഞ്ചെസി ക്രിക്കറ്റില്‍ താരം തുടര്‍ന്നും കളിക്കുമെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ വിരമിക്കല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചത്. വളരെയധികം ആലോചിച്ചതിനു ശേഷമാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് താരം പറഞ്ഞു. തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പൂരന്‍ വ്യക്തമാക്കി.
സന്തോഷകരമായ നിമിഷങ്ങളുള്‍പ്പെടെ മറക്കാനാകാത്ത ഓര്‍മകള്‍ ക്രിക്കറ്റിലൂടെ ലഭിച്ചു. വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചു. മെറൂണ്‍ വസ്ത്രത്തില്‍ ദേശീയഗാനത്തിനായി നില്‍ക്കുന്നതും, മൈതാനത്തില്‍ നല്‍കിയതിനെക്കുറിച്ചും വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണെന്നും പൂരന്‍ വ്യക്തമാക്കി.
ക്യാപ്റ്റനായി ടീമിനെ നയിക്കാന്‍ സാധിച്ച നിമിഷത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും. ആരാധകരുടെ സ്‌നേഹത്തിന് നന്ദി. നല്ല സമയങ്ങളിലും, മോശം സമയങ്ങളിലും അവര്‍ കൂടെ നിന്നു. ഈ യാത്രയില്‍ തന്നോടൊപ്പം സഞ്ചരിച്ച കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും, അവരുടെ വിശ്വാസവും പിന്തുണയുമാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി.
കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹം ഒരിക്കലും മങ്ങുകയില്ല. മുന്നോട്ടുള്ള യാത്രയില്‍ ടീമിന് ആശംസകള്‍ നേരുന്നുവെന്നും പൂരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് പൂരന്‍. 106 മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചു. വെസ്റ്റ് ഇന്‍ഡീസിനായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (2275) നേടിയതും താരമാണ്.
Read Also: India vs England: ഋഷഭ് പന്തിന് പരിക്ക്? പരിശീലനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യന്‍ ഉപനായകന്‍
മികച്ച ഫോമില്‍ നില്‍ക്കെ 29-ാം വയസില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു. അടുത്തിടെ സമാപിച്ച ഐപിഎല്ലിലും താരം മികച്ച ഫോമിലായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെ നിലവില്‍ പുരോഗമിക്കുന്ന ടി20 പരമ്പരയില്‍ പൂരനെ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏതാനും ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിനത്തില്‍ നിന്നു വിരമിച്ചതും അടുത്തിടെയാണ്.