Elon Musk vs Sam Altman : കൊമ്പുകോര്‍ത്ത് മസ്‌കും ആള്‍ട്ട്മാനും; പരസ്പരം ‘ചെളി’യെറിഞ്ഞ് വാക്‌പോര്; കാരണമെന്ത്?
Elon Musk and Sam Altman Issue : മസ്‌കിന്റെയും ആൾട്ട്മാന്റെയും പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓപ്പൺഎഐയുടെ സഹസ്ഥാപകനായിരുന്ന മസ്‌ക് പിന്നീട് വിമര്‍ശകനായി മാറുകയായിരുന്നു. എഐയുടെ ധാർമ്മിക വികസനത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് ആൾട്ട്മാനെതിരെ മസ്‌ക് വിമര്‍ശനമുന്നയിച്ചിരുന്നു

ഓപ്പണ്‍എഐ വാങ്ങാന്‍ ശ്രമിക്കുന്ന എലോണ്‍ മസ്‌കിനോട് താന്‍ ട്വിറ്റര്‍ വാങ്ങാമെന്ന് തിരിച്ചടിച്ച് കമ്പനി സിഇഒ സാം ആള്‍ട്ട്മാന്‍. ഇത് ടെക്-ബിസിനസ് രംഗത്തെ പ്രമുഖരായ മസ്‌കിന്റെയും, ആള്‍ട്ട്മാന്റെയും പരസ്പര വാക്‌പോരിന് വഴിയൊരുക്കി. ഓപ്പൺഎഐ വാങ്ങുന്നതിനായി എലോൺ മസ്‌ക് 97.4 ബില്യൺ ഡോളറിന്റെ ബിഡ്ഡിനാണ് ശ്രമിച്ചത്. തിങ്കളാഴ്ച മസ്‌കിന്റെ അറ്റോര്‍ണി മാർക്ക് ടോബറോഫ് വഴി ഓപ്പൺഎഐയുടെ ബോർഡിന് ഓഫര്‍ സമര്‍പ്പിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഓപ്പൺഎഐയെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റാനും സ്റ്റാർഗേറ്റ് എന്ന പേരിൽ ഒരു വലിയ എഐ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് പിന്തുടരാനുമുള്ള പദ്ധതിയിലാണ് ആള്‍ട്ട്മാന്‍. ഇതിനിടെയാണ് മസ്‌കിന്റെ രംഗപ്രവേശം. ഇത് ആള്‍ട്ട്മാനെ ചൊടിപ്പിക്കുകയും ചെയ്തു. 9.74 ബില്യണ്‍ ഡോളറിന് തങ്ങള്‍ ട്വിറ്റര്‍ വാങ്ങാമെന്ന് ട്വീറ്റ് ചെയ്താണ് ആള്‍ട്ട്മാന്‍ ‘കലിപ്പ്’ തീര്‍ത്തത്.




no thank you but we will buy twitter for .74 billion if you want
— Sam Altman (@sama) February 10, 2025
എന്നാല്‍ മസ്‌കുണ്ടോ അടങ്ങിയിരിക്കുന്നു. ആള്‍ട്ട്മാന് അതേ ട്വീറ്റില്‍ തന്നെ മസ്‌കും മറുപടി നല്‍കി. ‘സ്വിന്‍ഡ്‌ലര്‍ (തട്ടിപ്പുകാരന്‍, വഞ്ചകന്‍ എന്ന് അര്‍ത്ഥം വരുന്ന വാക്ക്) എന്നാണ് ആള്‍ട്ട്മാനെ മസ്‌ക് വിളിച്ചത്. പിന്നാലെ സാം ആള്‍ട്ട്മാന്‍ എന്നതിന് പകരം ‘സ്‌കാം ആള്‍ട്ട്മാന്‍’ എന്ന് പരിഹസിച്ച് മസ്‌ക് ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
Swindler
— Harry Bōlz (@elonmusk) February 10, 2025
മസ്‌കിന്റെ എഐ കമ്പനിയായ എക്‌സ്എഐ, വാലോർ ഇക്വിറ്റി പാർട്‌ണേഴ്‌സ്, ബാരൺ ക്യാപിറ്റൽ, ആട്രൈഡ്‌സ് മാനേജ്‌മെന്റ്, വൈ ക്യാപിറ്റൽ, എൻഡവർ സിഇഒ അരി ഇമ്മാനുവൽ എന്നിവരുൾപ്പെടെ മസ്‌കിന്റെ ബിഡിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. മസ്‌കിന്റെ ബിഡിൽ ഡയറക്ടർ ബോർഡിന് താൽപ്പര്യമില്ലെന്ന് ആൾട്ട്മാൻ തന്റെ ജീവനക്കാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
Scam Altman
pic.twitter.com/j9EXIqBZ8u— Harry Bōlz (@elonmusk) February 10, 2025
പണ്ടത്തെപോലെ ഓപ്പണ്‍ സോഴ്‌സ്, സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓപ്പണ്‍ എഐ തിരിച്ചെത്തണമെന്നും, അത് സംഭവിക്കുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നുമായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം.
Read Also : ടിക് ടോക്കിനോട് ‘നോ’ പറഞ്ഞ് മസ്‌ക്; സ്വന്തമാക്കാന്‍ താല്‍പര്യമില്ല ! കാരണം ഇതാണ്
2023-ൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുമായി മത്സരിക്കാൻ മസ്‌ക് സ്വന്തം എഐ സ്റ്റാർട്ടപ്പായ എക്‌സ്എഐ ആരംഭിച്ചു. 2024-ൽ മൈക്രോസോഫ്റ്റുമായുള്ള ബന്ധത്തിന് ഓപ്പൺഎഐക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തതോടെ വൈരാഗ്യം പാരമ്യത്തിലെത്തി.