Iran US Conflict: ഖത്തറിലെ യുഎസ് വാര്‍ത്താവിനിമയ കേന്ദ്രം ഇറാന്‍ തകര്‍ത്തു; സ്ഥിരീകരിച്ച് ഉപഗ്രഹ ചിത്രങ്ങള്‍
Iran Destroys US Dome System In Qatar: ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ താവളം. ഇവിടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനവും പ്രാദേശിക സൈനിക പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടക്കുന്നു. 2016 ല്‍ 15 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്.

പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: ഖത്തറിലെ അല്‍ ഉദേദ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ യുഎസിന്റെ ജിയോഡെനിക് ഡോം തകര്‍ന്നതായി സ്ഥിരീകരണം. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും പുറത്തുവന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ താവളം. ഇവിടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനവും പ്രാദേശിക സൈനിക പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടക്കുന്നു. 2016 ല്‍ 15 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്. ഇതിനോടകം തന്നെ നിരവധി ഉപഗ്രഹ ആശയവിനിമയങ്ങളെ ഡോം പിന്തുണച്ചു.
കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നാണ് വിവരം. റാഡോമില്‍ മിസൈല്‍ പതിച്ചതായി പെന്റഗണ്‍ വക്താവ് പാര്‍നെല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സ്ഥിരീകരിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ കുറവാണെന്നും ബേസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തകരാറും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ യുഎസിനും ഖത്തര്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും തയാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചുവെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. 14 ഇറാന്‍ മിസൈലുകള്‍ വന്നതില്‍ 13 എണ്ണം തടഞ്ഞതായും ഒരെണ്ണം വലിയ കുഴപ്പങ്ങളൊന്നും ഏല്‍പ്പിക്കാതെ ലക്ഷ്യത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കാനും സഹായിച്ചതിന് ഇറാനോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ എഴുതി.