H1B Visa: 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തണം; എച്ച്1ബി വിസ ഉടമകളോട് മെറ്റയും മൈക്രോസോഫ്റ്റും
Donald Trump H1B Visa Fee Hike: എച്ച്1ബി വിസയും എച്ച്4 വിസയും കൈവശമുള്ളവര്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും യുഎസില്‍ തുടരണമെന്ന് മെറ്റ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ തിരികെ യുഎസിലേക്ക് എത്തണമെന്ന് മെറ്റ വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബെർഗും
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വിസകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചതിന് പിന്നാലെ ജീവനക്കാര്‍ക്ക് നിര്‍ദേശം പുറപ്പെടുവിച്ച് ടെക് കമ്പനികളായ മെറ്റയും മൈക്രോസോഫ്റ്റും. ചുരുങ്ങിയത് 14 ദിവസത്തേക്ക് എങ്കിലും അമേരിക്ക വിട്ടുപോകരുതെന്നാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. നിലവില്‍ യുഎസിന് പുറത്ത് താമസിക്കുന്ന ജീവനക്കാരോട് റീ എന്‍ട്രി നിഷേധിക്കപ്പെടാതിരിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ യുഎസിലേക്ക് മടങ്ങിയെത്താനും നിര്‍ദേശിച്ചു.
എച്ച്1ബി വിസയും എച്ച്4 വിസയും കൈവശമുള്ളവര്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും യുഎസില്‍ തുടരണമെന്ന് മെറ്റ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ തിരികെ യുഎസിലേക്ക് എത്തണമെന്ന് മെറ്റ വ്യക്തമാക്കി.
മൈക്രോസോഫ്റ്റ് യുഎസിലെ ജീവനക്കാരോട് റീ എന്‍ട്രി നിഷേധിക്കുന്നത് ഒഴിവാക്കാന്‍ സ്ഥലത്ത് തന്നെ തുടരണമെന്നും രാജ്യത്തിന് പുറത്തുള്ള തൊഴിലാളികളോട് തിരിച്ചുവരാന്‍ പരമാവധി ശ്രമിക്കണമെന്നും ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് മാത്രമായി നല്‍കിയിരുന്നു വിസയായിരുന്നു എച്ച്1ബി. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ടെക് പ്രോഗ്രാം മാനേജര്‍മാര്‍, മറ്റ് ഐടി പ്രൊഫഷണലുകള്‍ എന്നിവരാണ് പ്രധാനമായും ഈ വിസയ്ക്ക് കീഴില്‍ വരുന്നത്. മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതാണ് എച്ച്1ബി വിസ. പിന്നീട് മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.
എച്ച്1ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറായാണ് ട്രംപ് ഉയര്‍ത്തിയത്. ഈ നീക്കം ടെക് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സാരമായി ബാധിക്കും. അമേരിക്കന്‍ തൊഴിലാളികള്‍ മുന്‍ഗണന നല്‍കാന്‍ പുതിയ നീക്കം പ്രേരിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കയിലേക്ക് തൊഴിലില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം കൊണ്ടുവരാനും പുതിയ നിയമം സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. സെപ്റ്റംബര്‍ 21 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. 12 മാസത്തേക്ക് നിയമം നിലനില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.