Kerala Budget 2025 : കേരള ബജറ്റ്; വില കുറയുന്ന എന്തേലും ഉണ്ടോ? വില കൂടുന്നവ ഇവയാണ്
Kerala Budget 2025 Costlier And Cheap Products : സംസ്ഥാന പരിധിയിൽ വരുന്ന ചില നികുതികൾ വർധിപ്പിച്ചതിനാൽ ചില ഉത്പനങ്ങളുടെ വിലയാണ് ബജറ്റിന് ശേഷം വർധിക്കാൻ പോകുന്നത്. അതോടൊപ്പം വില കുറയുന്നവ എന്തേലും ഉണ്ടോ എന്ന് പരിശോധിക്കാം

കേരളത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് ഫെബ്രുവരി ഏഴാം തീയതി സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയുടെ ഒരംശം നൽകുന്നതോടെ നേരിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ളവയുടെ വർധനവിന് കുറിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നില്ല. അതേസമയം ബജറ്റിന് ശേഷം എല്ലാവരും കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട്, എന്തിനെല്ലാം വില കൂടും ഏതിനെല്ലാം വില കുറയുമെന്നതാണ്.
വില കൂടുന്നവ
ബജറ്റിൽ വില കൂടുന്നവയാണ് സിംഹഭാഗവും പട്ടികയിലുള്ളത്. പല നികുതികളും ഫീസും വർധിപ്പിച്ചതോടെ ചില ഉത്പനങ്ങളുടെയും സേവനങ്ങളുടെ വില വർധിക്കും. ഇതുമൂലം 500 കോടി രൂപയിൽ അധികം സംസ്ഥാന സർക്കാരിൻ്റെ വരുമാനത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു. ബജറ്റിൽ വില കൂടുന്നവയുടെ പട്ടിക പരിശോധിക്കാം:
- കോടതി ഫീസ് – കോടതി സംബന്ധമായ പല സേവനങ്ങളുടെ അപേക്ഷകളുടെയും ഫീസ് സർക്കാർ വർധിപ്പിച്ചു. കോടതി ഫീസുകൾ ആകെ പരിഷ്കരിക്കാനാണ് നിർദേശിച്ചിരിിക്കുന്നത്.
- കാലപ്പഴക്കം വാഹനങ്ങളുടെ നികുതി കൂട്ടി- 15 വർഷം കഴിഞ്ഞ കാലപ്പഴക്കം വന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കുന്നതിന് വേണ്ടി ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾ, കാറുകൾക്ക് 50 ശതമാനം നികുതിയാണ് വർധിപ്പിക്കുക.
- ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും – ഇലക്ട്രിക് വാഹനങ്ങൾക്ക് ഏർപ്പെടുത്തുന്ന ഒറ്റത്തവണ നികുതി അഞ്ച് ശതമാനത്തിൽ നിന്നും പത്ത് ശതമാനമായി ഉയർത്തി. 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളിൽ ഉള്ളവയ്ക്ക് പത്ത് ശതമാനം നികുതിയുമാണ് അഞ്ചിൽ നിന്നും ഉയർത്തിയിരിക്കുന്നത്.
- ഭൂനികുതി -വിവിധ സ്ലാബുകളിലായി 50 ശതമാനമാണ് ഭൂനികുതി ഉയർത്തിയിരിക്കുന്നത്.




വില കുറയുന്നവ
യഥാർഥത്തിൽ ബജറ്റിൽ വില കുറയുന്ന ഉത്പനങ്ങളോ സേവനങ്ങളോ ഇല്ല. എന്നാൽ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസിക നികുതി ഘടന ഏകീകരിക്കുന്നതോടെ വിനോദയാത്ര, അന്തർസംസ്ഥാന യാത്രകളുടെ നിരക്കിൽ നേരിയ കുറവ് വന്നേക്കാം. അതോടൊപ്പം സ്റ്റേജ് ക്യാരേജുകളുടെ ത്രൈമാസിക നികുതി പത്ത് ശതമാനം കുറയ്ക്കുന്നതോട് പൊതുഗതാഗത നിരക്കുകൾ ഉടൻ വർധിപ്പിച്ചേക്കില്ല