Kerala Budget 2025 : സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പെൻഷൻ 2000 കടക്കില്ല? ബജറ്റിൽ കൂട്ടുന്നത് 100? 200?
Kerala Budget 2025 Expectations : നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികളുണ്ടായേക്കാം. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ഇളവ് പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ക്ഷേമപദ്ധതികളും അവതരിപ്പിച്ചേക്കാം. കിഫ്ബി റോഡിലെ ടോളുകളെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് പ്രധാന ചോദ്യം

തിരുവനന്തപുരം: മുന്നിലുള്ളത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ഇടം നല്‍കണം. ഒപ്പം സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങളും കണ്ടെത്തണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരിടുന്നത് പ്രതിസന്ധി
ഇതെല്ലാമാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബജറ്റ് അവതരിപ്പിക്കുക എന്നതാണ് ഇത്തവണ ബാലഗോപാല്‍ നേരിടുന്ന ദൗത്യം
ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അധിക വര്‍ധനവിന് സാധ്യതയുമില്ല. 200 രൂപയെങ്കിലും കൂട്ടാനാണ് സാധ്യത. പ്രകടനപത്രിക വാഗ്ദാനമായ 2500-ലെത്താന്‍ 800 രൂപ കൂട്ടേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധ്യതയില്ല. ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ബാലഗോപാല്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികളുണ്ടായേക്കാം. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ഇളവ് പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ക്ഷേമപദ്ധതികളും അവതരിപ്പിച്ചേക്കാം. കിഫ്ബി റോഡിലെ ടോളുകളെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് പ്രധാന ചോദ്യം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന അത്തരം സാഹസങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുമോയെന്ന് കണ്ടറിയണം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.




Read Also : പെൻഷൻ 2500 രൂപയാക്കുമോ? സംസ്ഥാന ബജറ്റിൽ പ്രതീക്ഷകൾ പലത്
പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയും പ്രതീക്ഷയിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തനത് വരുമാനം വര്‍ധിപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, വയനാടിന് വേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളുമുണ്ടായേക്കാം.
എന്നാല്‍ ഇതിനെല്ലാം എങ്ങനെ പണം കണ്ടെത്തുമെന്നതാണ് വെല്ലുവിളി. കേന്ദ്ര ബജറ്റില്‍ വിഴിഞ്ഞത്തിനും, വയനാടിനും പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങളില്ലെങ്കില്‍ അത് പ്രതിപക്ഷത്തിന് പിടിവള്ളിയായും മാറും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കുടിശികകള്‍ കൊടുത്തുതീര്‍ക്കുക എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. 10, 11, 12 തീയതികളില്‍ ബജറ്റ് ചര്‍ച്ച നടക്കും. കെ.എന്‍. ബാലഗോപാലിന്റെ നാലാം ബജറ്റ് അവതരണമാണ് നാളെ നടക്കുന്നത്.