Gold Rate: അക്ഷയ തൃതിയയ്ക്ക് ശേഷം ആടിയുലഞ്ഞ് സ്വര്‍ണവില; മെയില്‍ ഗംഭീര തുടക്കം; വരും ദിവസങ്ങളിലും കുറയുമോ?
Gold Price falls after Akshaya Tritiya: അപ്രതീക്ഷിതമായ ഈ വിലക്കുറവിലേക്ക് നയിച്ചത് പല കാരണങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് ഒരു കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 71 പൈസയാണ് മുന്നേറിയത്. വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു ഡോളറിനെതിരെ രൂപ ഇത്രയും മെച്ചപ്പെട്ടത്

സ്വര്‍ണം
ആഭരണപ്രിയര്‍ക്ക് സന്തോഷം നല്‍കുന്നതാണ് മെയ് മാസത്തിലെ തുടക്കത്തിലുള്ള സ്വര്‍ണവിലയിലെ ട്രെന്‍ഡ്. സര്‍വകാല റെക്കോഡടക്കം താണ്ടിയ ഏപ്രില്‍ മാസമാണ് കടന്നുപോയത്. ഏപ്രില്‍ 22ന് 74,320 രൂപയായിരുന്നു പവന്റെ വില. എന്നാല്‍ പിന്നീട് സ്വര്‍ണവില ക്രമേണ കുറഞ്ഞു തുടങ്ങി. അക്ഷയ തൃതീയയില്‍ (ഏപ്രില്‍ 30) 71840 രൂപയായിരുന്നു പവന്റെ നിരക്ക്. എന്നാല്‍ അക്ഷയ തൃതിയയുടെ പിറ്റേന്ന് (മെയ് 1) തന്നെ വന്‍ കുറവ് രേഖപ്പെടുത്തി. മെയ് ഒന്നിന് ഒറ്റയടിക്ക് 1640 രൂപയാണ് പവന് കുറഞ്ഞത്. മെയ് രണ്ടിന് 70,040 രൂപയായും കുറഞ്ഞു. നിലവില്‍ ഈ തുകയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 8755 രൂപയാണ് വില. ക്രമേണ രേഖപ്പെടുത്തുന്ന ഈ കുറവ് ആശ്വാസം പകരുന്നതാണെങ്കിലും, നിലവിലും സ്വര്‍ണവില 70,000ന് മുകളില്‍ തുടരുന്നത് സാധാരണക്കാരന് ആശങ്ക പകരുന്നു.
പണിക്കൂലിയടക്കം നല്‍കേണ്ടിവരുമ്പോള്‍ വില ഇനിയും കൂടും. വിവാഹസീസണ്‍ അടക്കം അടുത്തുവരുന്ന സമയമാണ്. വില കുറഞ്ഞപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് അത് ഉപകാരപ്പെടും. നിലവിലെ ട്രെന്‍ഡ് പോലെ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നാണ് ഉപഭോക്താവിന്റെ പ്രതീക്ഷ. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമോ? നിലവിലെ ഇടിവിന് കാരണമെന്ത്? നോക്കാം.
പല കാരണങ്ങള്‍
അപ്രതീക്ഷിതമായ ഈ വിലക്കുറവിലേക്ക് നയിച്ചത് പല കാരണങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് ഒരു കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 71 പൈസയാണ് മുന്നേറിയത്. വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു ഡോളറിനെതിരെ രൂപ ഇത്രയും മെച്ചപ്പെട്ടത്. രൂപ ശക്തി പ്രാപിക്കുന്നത് ഇറക്കുമതിച്ചെലവ് അടക്കം കുറയ്ക്കുമെന്നതിനാല്‍ അത് സ്വര്‍ണവില കുറയുന്നതിലും പ്രതിഫലിക്കും.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന സൂചനകളും സ്വര്‍ണവില കുറയുന്നതിന് കാരണമാകാം. എന്നാല്‍ അടുത്തിടെ ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറിയത് ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വ്യാപാരത്തര്‍ക്കം കുറയുന്നതടക്കം അന്താരാഷ്ട്ര വിലയെ താഴേക്ക് നയിച്ചു. ഇത് കേരളത്തിലും സ്വര്‍ണവില കുറയാന്‍ ഇടയാക്കി. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ശക്തിയാര്‍ജ്ജിച്ചതും കാരണമായി.
Read Also: Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഒരു വിഷയമാകില്ല; വിദ്യാഭ്യാസ വായ്പ ഈസിയായി ലഭിക്കും
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില നിയന്ത്രിക്കുന്നതിലെ ഒരു ഘടകമാകും. പണപ്പെരുപ്പം കുറഞ്ഞാല്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചാല്‍ അത് ട്രഷറി യീല്‍ഡിനെയും ഡോളറിനെയും ബാധിക്കുകയും, തല്‍ഫലമായി സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി വര്‍ധിക്കുകയും വില കൂടുകയും ചെയ്യും.