KEAM Result 2025: ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെ; കീമിലേത് അസാധാരണ പ്രതിസന്ധി; അപ്പീലും പാളിയാല്‍?
KEAM Result 2025 controversy explained in Malayalam: തീരുമാനമെടുത്ത സമയവും സാഹചര്യവുമാണ് ഇവിടെ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പാണ് പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്തത്. അതായത് സ്‌കോര്‍കാര്‍ഡ് പോലും പുറത്തുവന്നതിന് ശേഷം. ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചതും

പ്രതീകാത്മക ചിത്രം
ചുടലഭദ്രകാളി നാറാണത്ത് ഭ്രാന്തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതും കീം റാങ്ക് ലിസ്റ്റിലെ അസാധാരണ പ്രതിസന്ധിയും ഏകദേശം ഒരുപോലെയാണ്. വര്‍ഷങ്ങളായി കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ പിന്തള്ളപ്പെടുന്നുവെന്നായിരുന്നു നാളിതുവരെയുള്ള പരാതി. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പോംവഴി കണ്ടെത്തി. കൂട്ടലും കിഴിക്കലും എല്ലാം കഴിഞ്ഞ് തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പിലാക്കാന്‍ തീരുമാനവുമായി. അങ്ങനെ റാങ്ക് ലിസ്റ്റ് വന്നു. കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ ‘ഡബിള്‍ ഹാപ്പി’.
പക്ഷേ, പുതിയ പ്രശ്‌നങ്ങള്‍ അവിടെ തലപൊക്കി. ഇത്രയും കാലം ആക്ഷേപം ഉന്നയിച്ചത് കേരള സിലബസുകാരായിരുന്നെങ്കില്‍, ഇത്തവണ പരാതികളുമായി രംഗത്തെത്തിയത് സിബിഎസ്ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് മാത്രം. സര്‍ക്കാരിന് കയ്ച്ചിട്ട് ഇറക്കാനോ, മധുരിച്ചിട്ട് തുപ്പാനോ പറ്റാത്ത അവസ്ഥ. ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയതുപോലെ.
ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിയും കണ്ടെത്തി. ഫലപ്രഖ്യാപനം റദ്ദാക്കിയ കോടതി പഴയ ഏകീകരണ രീതി പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അപ്പീലിനും പോയി. കീമില്‍ ഇതുവരെ കാണാത്ത അസാധാരണ പ്രതിസന്ധി !
പിഴച്ചത് എവിടെ?
സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും തീരുമാനമെടുത്ത സമയവും സാഹചര്യവുമാണ് ഇവിടെ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പാണ് പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്തത്. അതായത് സ്‌കോര്‍കാര്‍ഡ് പോലും പുറത്തുവന്നതിന് ശേഷം. ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചതും. പരീക്ഷാ നടപടികള്‍ക്ക് മുമ്പ് തന്നെ പ്രോസ്‌പെക്ടസ് ഭേദഗതിയടക്കമുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു. അത് ചെയ്തില്ലെന്ന് മാത്രം.
അപ്പീലും പാളിയാല്‍?
സര്‍ക്കാരിന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ ഗവണ്‍മെന്റിന് വലിയ തലവേദന ഒഴിയും. പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനുമാകും. പക്ഷേ, ഇല്ലെങ്കില്‍? അവിടെയാണ് പ്രശ്‌നം. അതുതന്നെയാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നതും. കീം ഫലപ്രഖ്യാപനം റദ്ദാക്കിയ നടപടി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ പഴയ ഏകീകരണ സമ്പ്രദായപ്രകാരം സര്‍ക്കാരിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വരും.
സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാലും കേസിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീലിന് പോകാമെന്ന മറ്റൊരു സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ നിയമക്കുരുക്ക് തുടരും. അതായത് കോടതിയുടെ വിധി എങ്ങനെയായാലും പ്രതിസന്ധിക്ക് ഉടനെയെങ്ങും വിരാമം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം.
Read Also: KEAM Result 2025 Cancelled: കാത്തിരുന്നതൊക്കെ വെറുതെയായി, കീം ഫലം റദ്ദാക്കി; കാരണം ആ മാറ്റം
ആ കാലതാമസം വിനയായോ?
പഴയ ഏകീകരണരീതി പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വന്നാല്‍ കാലതാമസം തുടരില്ലേയെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ചോദ്യം. മെയ് 14നായിരുന്നു പരീക്ഷയുടെ സ്‌കോര്‍ പുറത്തുവിട്ടത്. റാങ്ക് ലിസ്റ്റ് വന്നത് ജൂലൈ ഒന്നിനും. സര്‍ക്കാര്‍ തീരുമാനം വൈകിയതിനാല്‍ ഏതാണ്ട് ഒരു മാസത്തിലേറെ കാലതാമസം നീണ്ടു. തീരുമാനം നേരത്തെ തന്നെ നടപ്പാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, കേസും തുടര്‍നടപടികളും നീണ്ടാല്‍ പോലും ഈ സമയമാകുമ്പോഴേക്കും എന്തെങ്കിലും തീരുമാനമാകുമായിരുന്നല്ലോ എന്ന ചോദ്യവുമുയരുന്നുണ്ട്.