SLK 2025: പത്ത് പേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുത്തില്ല; തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി കണ്ണൂരിന് കിരീടം
Kannur Warriors SLK Champions: സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ചാമ്പ്യന്മാരായി കണ്ണൂർ വാരിയേഴ്സ്. തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തിയാണ് കണ്ണൂർ കിരീടം നേടിയത്,

കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ കണ്ണൂർ വാരിയേഴ്സിന് കിരീടം. കലാശക്കളിയിൽ തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചാണ് കണ്ണൂരിൻ്റെ കന്നിക്കിരീടം. രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയിട്ടും കണ്ണൂരിന് തൃശൂരിനെ പിടിച്ചുകെട്ടാൻ സാധിച്ചു.
സെമിയില്‍ നിലവിലെ കിരീട ജേതാക്കളായ കാലിക്കറ്റ് എഫ്‌സിയെ കീഴടക്കിയാണ് കണ്ണൂര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കണ്ണൂരിൻ്റെ വിജയം. ഫൈനലിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് കണ്ണൂർ കളി പിടിച്ചത്. 19ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി അസിയർ ഗോമസ് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനം യുവതാരം സുനിൽ സി സച്ചിൻ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് കണ്ണൂരിന് തിരിച്ചടിയായി. രണ്ടാം പകുതി മുഴുവൻ കണ്ണൂർ കളിച്ചത് 10 പേരുമായാണ്. 71ആം മിനിട്ടിൽ മൈസൺ ആൽവസ് കണ്ണൂർ വല കുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചു.
കഴിഞ്ഞ വർഷം നിരാശപ്പെടുത്തിയ തൃശൂർ മാജിക് എഫ്സി ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് തൃശൂർ ഫൈനൽ യോഗ്യത നേടിയത്. 17 പോയിൻ്റുകളുമായി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും തൃശൂരിന് കഴിഞ്ഞിരുന്നു.
കോഴിക്കോടാണ് ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്, 23 പോയിൻ്റ്. 14 പോയിൻ്റുമായി മലപ്പുറം എഫ്സി മൂന്നാമതും 13 പോയിൻ്റുമായി കണ്ണൂർ വാരിയേഴ്സ് നാലാമതും ഫിനിഷ് ചെയ്തു.