India Pakistan Conflict: ആണവായുധത്തിലേക്ക് നീങ്ങുമായിരുന്ന സംഘര്‍ഷം ഒഴിവാക്കിയെന്ന അവകാശവാദവുമായി ട്രംപ്
Donald Trump About India Pakistan Conflict: വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും മാര്‍കോ റൂബിയോയേയും അഭിനന്ദിച്ചുകൊണ്ട് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെയും ട്രംപ് അഭിനന്ദിച്ചിരുന്നു. അമേരിക്ക ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായത് എന്നാണ് ട്രംപിന്റെ വാദം.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു. അത് ഒഴിവാക്കാന്‍ സാധിച്ചുവെന്ന് ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും മാര്‍കോ റൂബിയോയേയും അഭിനന്ദിച്ചുകൊണ്ട് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെയും ട്രംപ് അഭിനന്ദിച്ചിരുന്നു. അമേരിക്ക ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായത് എന്നാണ് ട്രംപിന്റെ വാദം.
കശ്മീര്‍ വിഷയത്തില്‍ ഇടപെടാനും തയാറാണെന്ന് ട്രംപ് പറയുന്നുണ്ട്. വെടിനിര്‍ത്തല്‍ തീരുമാനമായത് അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു. ആയിരം വര്‍ഷം കഴിഞ്ഞാലും കശ്മീര്‍ പ്രശ്‌നത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെങ്കില്‍ അതില്‍ ഇടപെടാന്‍ അമേരിക്ക തയാറാണെന്നാണ് ട്രംപ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ട്രംപ് ഇടപെട്ടതുമായി ബന്ധപ്പെട്ട് ഒന്നും പ്രതകരിച്ചിട്ടില്ല. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആണവായുധങ്ങളുടെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്നും അക്കാര്യം പറഞ്ഞുള്ള ഭീഷണി വിലപ്പോകില്ലെന്ന് മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് തന്റെ ഇടപെടലിനെ കുറിച്ച് വാദം ഉന്നയിക്കുമ്പോഴും വിശദമായ വിവരങ്ങള്‍ കേന്ദ്രം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.