Coffee Powder-Coconut Oil Price Hike: കാപ്പി കുടി കുറയ്ക്കാം, വെളിച്ചെണ്ണയും വേണ്ട; വില സര്‍വകാല റെക്കോര്‍ഡില്‍
Reasons For Coconut Oil and Coffee Powder Price Hike In Kerala: ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി വര്‍ധിച്ചത് ഏകദേശം 125 ശതമാനമാണ്. ഇറ്റലി, ജര്‍മനി, ബെല്‍ജിയം, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും കാപ്പി കൂടുതലായി കയറ്റുമതി ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
നമ്മുടെ രാജ്യം ദിനംപ്രതി കയറ്റുമതിയുടെ കാര്യത്തില്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കയറ്റുമതി വര്‍ധിക്കുന്നത് നമ്മുടെ രാജ്യത്തെ സാധനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കാപ്പിപ്പൊടിയുടെ വിലയില്‍ വലിയ വര്‍ധനവാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി വര്‍ധിച്ചത് ഏകദേശം 125 ശതമാനമാണ്. ഇറ്റലി, ജര്‍മനി, ബെല്‍ജിയം, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും കാപ്പി കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
പ്രതിവര്‍ഷം 3.6 ലക്ഷം ടണ്‍ കാപ്പിയാണ് രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവയില്‍ ഭൂരിഭാഗവും. മൂല്യവര്‍ധിത കയറ്റുമതിക്ക് കിലോയ്ക്ക് മൂന്ന് രൂപയും പച്ച കാപ്പി കയറ്റുമതിക്ക് കിലോയ്ക്ക് രണ്ട് രൂപയുമാണ് കേന്ദ്ര പ്രോത്സാഹനം.
ആഭ്യന്തര കാപ്പി പരിപ്പിന്റെ വില 345 രൂപയോളമാണ്. കാപ്പി വില ഒരു മാസക്കാലയളവില്‍ ടണ്ണിന് 4,800 ഡോളറില്‍ നിന്നും 3,800 ഡോളറായി കുറഞ്ഞു. ബ്രാന്‍ഡ് അനുസരിച്ച് 50 രൂപ മുതല്‍ 300 രൂപ വരെയാണ് ഒരു മാസത്തിനുള്ളില്‍ മാത്രം കാപ്പിപ്പൊടിയുടെ വില വര്‍ധിച്ചത്. 222 രൂപയുണ്ടായിരുന്ന ഒരു കിലോ കാപ്പിക്കുരുവിന് 280ന് മുകളിലാണ് ഇപ്പോള്‍ വില.
വെളിച്ചെണ്ണ വിലയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് നിലവില്‍ 400 രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ക്വിന്റലിന് 15,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ ഇതുവരെ എത്തിയത് 37,000 രൂപയിലേക്കാണ്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കൊപ്രയുടെ വില 9,800 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 24,600 രൂപയാണ്. ഒരു വര്‍ഷം കൊണ്ട് മാത്രം വെളിച്ചെണ്ണയ്ക്ക് വര്‍ധിച്ചത് ക്വിന്റലിന് 22,000 രൂപയും കൊപ്രയ്ക്ക് 14,800 രൂപയുമാണ്. നിലവിലെ സാഹചര്യത്തില്‍ വില അടുത്തകാലത്തൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വിവരം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വെളിച്ചെണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. ഓണം വരാനിരിക്കെ 500 രൂപയ്ക്ക് മുകളില്‍ വെളിച്ചെണ്ണ വിലയെത്തുമെന്നാണ് വിപണിയില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ആഗോള തലത്തില്‍ കൊപ്രയുടെ ലഭ്യത കുറഞ്ഞതാണ് വെളിച്ചെണ്ണ വില കുതിച്ചുയരുന്നതിന് കാരണമാകുന്നത്. നിലവില്‍ ഇന്ത്യന്‍ വെളിച്ചെണ്ണ വില ടണ്ണിന് 4,300 ഡോളറിന് മുകളിലാണ്. ചിരട്ട വില 1000 ഡോളറിനോടും അടുത്തു.