Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍, സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്
Israel Supports India In Operation Sindoor: സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രായേല്‍ പിന്തുണയ്ക്കുകയാണ്. നിരപരാധികളായ ആളുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ക്രൂരമായ കുറ്റകൃത്യത്തില്‍ നിന്ന് പാകിസ്ഥാന് ഒരിക്കലും ഓടിയൊളിക്കാന്‍ സാധിക്കില്ലെന്നും അസര്‍ പറഞ്ഞു.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍. ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രായേല്‍ പിന്തുണയ്ക്കുകയാണ്. നിരപരാധികളായ ആളുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ക്രൂരമായ കുറ്റകൃത്യത്തില്‍ നിന്ന് പാകിസ്ഥാന് ഒരിക്കലും ഓടിയൊളിക്കാന്‍ സാധിക്കില്ലെന്നും അസര്‍ പറഞ്ഞു.
പാകിസ്ഥാന് നേരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച് യുഎസും യുഎഇയും രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
പാകിസ്ഥാനും ഇന്ത്യയും ദീര്‍ഘനാളായി തമ്മില്‍ പോരാടുകയാണ്. ഈ പോരാട്ടം അപമാനകരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് യുഎഇ പറഞ്ഞത്. സംഘര്‍ഷങ്ങള്‍ രാജ്യാന്തര സമാധാനത്തിന് ഭീഷണിയാകുമെന്നും യുഎഇ വിദേശകാര്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.